പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം
പന്തളം :ഗതാഗത തടസ്സമുണ്ടാക്കി മൂന്നുമാസത്തിനിടെ അഞ്ചുതവണയെങ്കിലും പന്തളം ടൗണിന്റെ തിരക്കേറിയ ഭാഗം പൈപ്പ് നന്നാക്കാനായി കുഴിച്ചിട്ടുണ്ടാകും. 25 വർഷത്തിലധികം പഴക്കമുള്ള പൈപ്പ് മാറാത്തതുതന്നെയാണ് പ്രധാനപ്രശ്‌നം.
ഒരിടം നന്നാക്കുമ്പോൾ മറ്റൊരുസ്ഥലം പൊട്ടും. എല്ലാ സ്ഥലങ്ങളിലും വെള്ളമെത്തിക്കാനായി ശക്തിയിൽ വെള്ളം തുറന്നുവിട്ടാൽ അപ്പോൾ പൊട്ടൽ തുടങ്ങുകയായി. കുറുന്തോട്ടയം പാലംമുതൽ പന്തളം സാമൂഹികാരോഗ്യകേന്ദ്രം വരെയുള്ള ഭാഗത്താണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്.
കെ.എസ്.ടി.പി. എം.സി. റോഡുപണി ഏറ്റെടുത്ത് നടത്തുന്നതിന് വളരെക്കാലം മുമ്പ് ഇട്ടതാണ് ഇരുമ്പുപൈപ്പ്. റോഡിന്റെ നടുവിൽ കൂടിയാണ് അന്ന് പൈപ്പിട്ടിരുന്നത്. അതുതന്നെയാണ് വലിയ പ്രശ്‌നവും. ചെറിയ പൊട്ടൽ ഉണ്ടായാൽപ്പോലും റോഡിന്റെ നടുഭാഗംതന്നെ കുഴിക്കണം. അഞ്ചുതവണ പൈപ്പ് പൊട്ടിയഭാഗം കുഴിയെടുത്ത് നന്നാക്കി കോൺക്രീറ്റ്‌ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും അടുത്തദിവസംതന്നെ വീണ്ടും ചോർച്ചയുണ്ടാവുകയായിരുന്നു .
കുറുന്തോട്ടയം പാലംമുതൽ പന്തളം സാമൂഹികാരോഗ്യകേന്ദ്രം വരെയുള്ള ഭാഗത്ത് റോഡ് കുഴിച്ച് പഴയ പൈപ്പ് മാറ്റി പി.വി.സി. പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുവാൻ കഴിയുകയുള്ളൂ എന്നാണ് പുനരുദ്ധാരണപ്പണി നടത്തുന്നവർ പറയുന്നത്.
എന്നാൽ കെ.എസ്.ടി.പി.യുടെ അധീനതയിലുള്ള റോഡിന്റെഭാഗം ഇത്രയും ദൂരം കുഴിക്കാൻ അനുമതി ലഭിക്കുകയുമില്ല. പ്രശ്‌നമുള്ള ഭാഗം കുഴിച്ച് നന്നാക്കാനാണ് അവരുടെ നിർദേശം. പന്തളം കവലയ്ക്കു സമീപമുള്ള ചോർച്ച എങ്ങനെ പരിഹരിക്കുമെന്നറിയാതെ വിഷമിക്കുകയാണ് പുനരുദ്ധാരണപ്പണി നടത്തുന്ന കരാറുകാർ.അധികൃതർ വേണ്ട നടപടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും
This is the reason why Pandalam town has become like a pond
