മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ എ ഐ ക്യാമറ സ്ഥാപിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയായി പത്തനംതിട്ട
പത്തനംതിട്ട : ജൈവ - അജൈവ മാലിന്യ സംസ്കരണ രംഗത്ത് നഗരത്തെ മാതൃകാപരമായി മുന്നോട്ട് നയിക്കുന്ന നഗരസഭ മറ്റൊരു വലിയ ചുവട് വപ്പ് കൂടി നടത്തുകയാണ്. സംസ്ഥാനത്ത് ആദ്യമായി മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിന് എ ഐ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തിയ നഗരസഭയായി മാറി പത്തനംതിട്ട. കൊച്ചി കോർപ്പറേഷൻ മാത്രമാണ് ഇക്കാര്യത്തിൽ നഗരസഭയ്ക്ക് മുന്നിലുള്ളത്.
മാലിന്യവുമായി എത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പം നമ്പർ കൂടി വ്യക്തമായി പകർത്തുന്ന ഓട്ടോമാറ്റിക് നമ്പർ ഡിറ്റക്ഷൻ സംവിധാനമുള്ള അത്യാധുനിക നിരീക്ഷണ സംവിധാനമാണ് നഗരത്തിൽ സ്ഥാപിച്ചത്. ഒപ്പം മോഷൻ ഡിറ്റക്ഷനും സാധ്യമാണ്. രാത്രി സമയത്തും 100 മീറ്ററോളം ദൂരത്തുള്ള ദൃശ്യങ്ങൾ വരെ വളരെ വ്യക്തതയോടെ പകർത്താൻ എ ഐ ക്യാമറയ്ക്ക് കഴിയും. ലോഹനിർമ്മിത ബോഡി, മോട്ടോറൈസ്ഡ് ലെൻസ് എന്നിവയോട് കൂടിയ വാട്ടർപ്രൂഫ് ഐപി67 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന പോർട്ടബിൾ ക്യാമറകളും കൂട്ടത്തിലുണ്ട്.
മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഭരണസമിതി ചുമതലയേറ്റത് മുതൽ നടപ്പിലാക്കി വരുന്നത്. കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് വികേന്ദ്രീകൃതമായ പദ്ധതി നടപ്പിലാക്കി. വീടുകളിൽ ബിൻ, റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങൾ ഉറപ്പാക്കി. ജില്ലാ കേന്ദ്രത്തിലെ പ്രധാന ഓഫീസ് സമുച്ചയങ്ങളായ ജില്ലാ കളക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം എന്നിവിടങ്ങളിൽ പോർട്ടബിൾ ബയോ ബിന്നുകൾ സ്ഥാപിച്ച് ജൈവവളം ഉൽപാദിപ്പിച്ച് പാം ബയോഗ്രീൻ മാന്വർ എന്ന സ്വന്തം ബ്രാൻഡിൽ വിപണിയിൽ ഇറക്കി. ഹരിത കർമ്മ സേനയുടെ ചിട്ടയായ ഇടപെടലിലൂടെ അജൈവ മാലിന്യ നീക്കം വിജയകരമായി നടക്കുന്നു. മാലിന്യ കൂനകൾ നീക്കി വഴിയോരങ്ങൾ സൗന്ദര്യവൽക്കരിച്ചത് നഗരത്തിന് പുതുജീവൻ നൽകി. നഗര ഹൃദയത്തിലും ഉപ നഗരമായ കുമ്പഴയിലും പാതയോരങ്ങളിൽ പുച്ചെടികൾ സ്ഥാപിച്ച് അമൃത് മിത്ര പദ്ധതിയിലൂടെ പരിപാലനം ഉറപ്പാക്കി. നഗര ഹൃദയത്തിൽ മാലിന്യ കൂനയായിരുന്ന സ്ഥലം മനോഹരമായ ടൗൺ സ്ക്വയർ ആയി മാറി. ബസ് സ്റ്റാൻഡിനുള്ളിലും ഒഴിഞ്ഞുകിടന്ന സ്ഥലങ്ങൾ പൂന്തോട്ടം ആയതോടെ വൃത്തിഹീനമാകുന്ന സാഹചര്യവും ഒഴിവായി.
മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഇടങ്ങൾ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്യാമറ നിരീക്ഷണത്തിൽ ആക്കിയിരുന്നു. നഗരസഭാ ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയാക്കിയപ്പോൾ എല്ലാ ഭാഗത്തും ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇവ കൂടാതെയാണ് ഇപ്പോൾ എ ഐ ക്യാമറകൾ സ്ഥാപിച്ചത്. ഇവ മുന്നറിയിപ്പില്ലാതെ തന്നെ ആവശ്യാനുസരണം മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നീക്കം, ശാസ്ത്രീയ മാലിന്യ സംസ്കരണം, നഗര സൗന്ദര്യവൽക്കരണം എന്നീ മൂന്ന് ഘട്ടങ്ങൾ പിന്നിട്ടാണ് നഗരസഭ നിയമലംഘകരെനേരിടാൻ അത്യാധുനിക സംവിധാനങ്ങളോടെ കർശന നിരീക്ഷണം എന്ന നാലാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.
എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം എന്ന ആപ്തവാക്യം ഏറ്റെടുത്ത് ജനങ്ങൾ ഒന്നാകെ ഭരണസമിതിക്കൊപ്പം അണിചേർന്നു. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി പദ്ധതി വിജയകരമാക്കി എങ്കിലും ഒറ്റപ്പെട്ട ചിലയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹ്യവിരുദ്ധ പ്രവണത തുടരുന്നുണ്ട്. ഇതിനു പിന്നിലുള്ളവരെ നിയമപരമായി നേരിടാനുള്ള നടപടികളും നഗരസഭ ആരംഭിച്ചിരുന്നു. ഈ നീക്കം ശക്തിപ്പെടുത്തുന്നതിനാണ് കൂടുതൽ ഇടങ്ങളിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചത് എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ പറഞ്ഞു.
വാർഡ് കൗൺസിലർ ഷമീർ എസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ ആർ സാബു, തുടങ്ങിയവർ പങ്കെടുത്തു.
ai camera
