വന്ധ്യംകരണം നടത്തി പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ പൂർണമായി നീക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരിക്കെ,പത്തനംതിട്ട ജില്ലയിൽ എ.ബി.സി പദ്ധതി നിലച്ചിട്ട് മൂന്നു വർഷം.
പത്തനംതിട്ട: വന്ധ്യംകരണം നടത്തി പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ പൂർണമായി നീക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരിക്കെ,പത്തനംതിട്ട ജില്ലയിൽ എ.ബി.സി പദ്ധതി നിലച്ചിട്ട് മൂന്നു വർഷം. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്ത് ഒരു നായയെ പോലും വന്ധ്യംകരണം നടത്താത്ത നാലു ജില്ലയിലൊന്നാണ് പത്തനംതിട്ട. ആലപ്പുഴ, ഇടുക്കി, വയനാട് എന്നിവയാണ് മറ്റു ജില്ലകൾ.
തെരുവുനായ പ്രജനന നിയന്ത്രണ(എ.ബി.സി) പദ്ധതിക്കായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നീളുന്നതാണ് ജില്ലയിൽ വന്ധ്യംകരണം മുടങ്ങാൻ കാരണം. തിരുവല്ല പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറി വക സ്ഥലത്ത് മൃഗാശുപത്രിയോടു ചേർന്നാണ് എ.ബി.സി സെന്റർ പ്രവർത്തിച്ചിരുന്നത്. താൽക്കാലികമായി ഒരുക്കിയ കെട്ടിടമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് പുതിയ കെട്ടിടം നിർമിക്കാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചു. ഇതിനായി പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കി പുതിയതിന്റെ നിർമാണം ആരംഭിച്ചു. പകരം സംവിധാനം കണ്ടെത്താതെ കെട്ടിടം പൊളിച്ചതോടെ പദ്ധതിയും നിർത്തി. ജില്ലയിലെ ഏക എ.ബി.സി കേന്ദ്രമായിരുന്നു ഇത്.
എന്നാൽ, വേണ്ടത്ര വേഗത്തിൽ നിർമാണം നടന്നില്ല. ഏറ്റവുമൊടുവിൽ മേയിൽ പ്രാധാന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രഖ്യാപിച്ചെങ്കിലും പാഴ്വാക്കായി. ജില്ല പഞ്ചായത്ത് ഒരു കോടി രൂപയാണ് ഇതിന് അനുവദിച്ചിരുന്നത്. ചുറ്റുമതിലും, ഷെൽട്ടറുകളും പണിയാൻ 50 ലക്ഷവും അനുവദിച്ചിരുന്നു. 40 സെന്റ് സ്ഥലത്താണു കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. രണ്ടു നിലയിലായി 2800 ചതുരശ്ര അടിയിൽ പണിയുന്ന കെട്ടിടത്തിന്റെ അടിത്തറ പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്.
ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമായി തുടരുകയാണ്. നിരവധി പേർ തെരുവ് നായ ആക്രമണത്തിൽ മരിച്ചു. നായയുടെ കടിയേറ്റ് പത്തനംതിട്ട സ്വദേശിയായ 57കാരി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ വർഷം ഇതുവരെ ജില്ലയിൽ അയ്യായിരത്തിലേറെപ്പേരെയാണ് തെരുവുനായ ആക്രമിച്ചത്.
തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പും ഇഴഞ്ഞുനീങ്ങുകയാണ്. ജനുവരി മുതൽ ഒക്ടോബർ വരെ 4,112 തെരുവുനായകൾക്ക് മാത്രമാണ് പേവിഷ പ്രതിരോധകുത്തിവെപ്പ് നൽകിയത്. മൃഗസംരക്ഷണവകുപ്പ് നായയെ പിടിക്കാൻ ജില്ലയിൽ 18 ഡോഗ് ക്യാച്ചേഴ്സിനെയാണു നിയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നാലു ഡോഗ് ക്യാച്ചേഴ്സ് മാത്രമാണുളളത്.
no-sterilization
