പുല്ലാട് വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു
പുല്ലാട് : വടക്കേ കവലയിൽ വാഹനാപകടങ്ങൾ കൂടുന്നു. തിങ്കളാഴ്ച കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിന് സാരമായി കേടുപാടുകൾ പറ്റി. കോഴഞ്ചേരിയിൽനിന്ന് കോട്ടയത്തിനുപോയ ബസും തിരുവല്ലയിൽനിന്ന് മുണ്ടക്കയത്തിനുപോയ കുടുംബം സഞ്ചരിച്ച കാറുമാണ് ജങ്ഷനിൽ കൂട്ടിയിടിച്ചത്. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കോയിപ്രം പോലീസും സ്ഥലത്തെത്തിയിരുന്നു. മുട്ടുമൺ- ചെറുകോൽപ്പുഴ റോഡും സംസ്ഥാനപാതയായ കോട്ടയം- കോഴഞ്ചേരി റോഡും കൂടിച്ചേരുന്ന പുല്ലാട് വടക്കേ കവല സ്ഥിരം അപകടമേഖലയാണ്. ആഴ്ചയിൽ നാല് അപകടങ്ങളെങ്കിലും ഉണ്ടാകാറുണ്ട്. മൂന്നുവർഷം മുമ്പാണ് മുട്ടുമൺ- ചെറുകോൽപ്പുഴ റോഡ് ഉന്നതനിലവാരത്തിൽ ടാർചെയ്തത്. നേരത്തേ മുട്ടുമൺ റോഡിൽ ജങ്ഷന് ഇരുഭാഗത്തും ഹമ്പുകൾ ഉണ്ടായിരുന്നു. റോഡ് ഉന്നതനിലവാരത്തിൽ നിർമിച്ചതോടുകൂടി ഇരുഭാഗത്തെയും ഹമ്പുകൾ എടുത്തുമാറ്റി. കോട്ടയം- കോഴഞ്ചേരി റോഡിൽ ജങ്ഷന് സമീപം വേഗം നിയന്ത്രിക്കാനുള്ള വാണിങ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല. മുട്ടുമണ്ണിൽനിന്നുവരുന്ന വാഹനങ്ങൾക്ക് കാണാൻ തക്കവണ്ണം ജങ്ഷന് സമീപം സൂചനബോർഡുകൾ ഒന്നുമില്ല. ജങ്ഷന് സമീപം വളവുള്ളതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് തൊട്ടുമുമ്പിൽ നാൽക്കവലയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ദൂരെനിന്നുവരുന്ന വാഹനങ്ങൾ ജങ്ഷൻ ഉണ്ടെന്നു മനസ്സിലാക്കാതെ വേഗത്തിൽ ജങ്‌ഷനിലേക്ക് പ്രവേശിക്കുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം.
റോഡ് പൂർത്തിയായതോടെ വാഹനങ്ങളുടെ അമിതവേഗവും അപകടങ്ങളും നിത്യസംഭവമായി. സ്വകാര്യ ഗ്ലാസ് ഗോഡൗണിലേക്ക് പോകുന്ന കണ്ടെയ്നർ ലോറികളും ടിപ്പറുകളുമടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന ജങ്ഷനാണിത്. എപ്പോഴും തിരക്കുള്ള റോഡിൽ സിഗ്നൽ സംവിധാനവുമില്ല. ഇവിടെ ജങ്ഷനിലൂടെ അമിതവേഗത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനും സംവിധാനമില്ല. അമിതവേഗവും അശ്രദ്ധയും മൂലമാണ് അപകടങ്ങൾ ഇവിടെ ഉണ്ടായിരുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാൻ അപകടങ്ങളിൽ ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കണോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
accident
