പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം പത്തനംതിട്ടയിലെ കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു
പത്തനംതിട്ട ∙ പഠനം ഇല്ലാതെയുള്ള റൂട്ട് പരിഷ്കരണം കെഎസ്ആർടിസി സർവീസുകൾ നഷ്ടത്തിലാക്കുന്നു. പത്തനംതിട്ട– മാനന്തവാടി, അടൂർ– പെരിക്കല്ലൂർ, അടൂർ– കൂട്ടാർ സർവീസുകളുടെ പരിഷ്കരണമാണു നഷ്ടം ഉണ്ടാക്കിയത്. ഇത് നികത്താൻ കണ്ടെത്തിയ മാർഗം സൂപ്പർ ഫാസ്റ്റിന്റെ സ്റ്റോപ്പുകൾ കുറച്ച് പ്രീമിയം സൂപ്പർ ഫാസ്റ്റാക്കുക എന്നതാണ്. എന്നാൽ, യാത്രക്കാർ കയറുന്ന സ്റ്റോപ്പുകൾ ഒഴിവായാൽ വരുമാനവർധന ഉണ്ടാകില്ലെന്ന ആശങ്കയുമുണ്ട്.
പത്തനംതിട്ടയിൽ നിന്ന് രാവിലെ ഗുരുവായൂർ വഴി മാനന്തവാടിക്ക് ഉണ്ടായിരുന്ന സൂപ്പർ ഫാസ്റ്റ്, സ്റ്റോപ്പുകൾ കുറച്ച് പ്രീമിയം സൂപ്പർ ഫാസ്റ്റാക്കി. രാവിലെ 6.20ന് പുറപ്പെടുന്ന ബസ് രാത്രി 9ന് ആണ് മാനന്തവാടി എത്തിയിരുന്നത്. ജീവനക്കാർക്ക് 4 ഡ്യൂട്ടി നൽകിവന്നത് രണ്ടരയായി കുറച്ചു. എന്നാൽ, ബസിന്റെ പ്രതിദിന വരുമാനം 4,500– 6,000 രൂപവരെ കുറഞ്ഞു. ഇതോടെ സർവീസ് നഷ്ടത്തിലാകുമെന്നു കണ്ട് ഇന്നലെ സാധാരണ സൂപ്പർ ഫാസ്റ്റാണു മാനന്തവാടിക്ക് അയച്ചത്. പകരം വൈകിട്ട് 5.15നുള്ള പത്തനംതിട്ട– കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ഇന്നലെ പ്രീമിയം സൂപ്പർ ഫാസ്റ്റാക്കി സർവീസിന് അയച്ചു.
യാത്രക്കാർ കൂടുതൽ കയറാനുള്ള പുല്ലാട്, ഇരവിപേരൂർ എന്നിവിടങ്ങളിലെ സ്റ്റോപ് ഇല്ലാതായി. അടൂർ ഡിപ്പോ ലാഭകരമായി സർവീസ് നടത്തിവന്ന അടൂർ– പത്തനംതിട്ട–കൂട്ടാർ ഫാസ്റ്റ് പാസഞ്ചർ റൂട്ട് മാറ്റിയതോടെ വരുമാനം കുറഞ്ഞു. അടൂരിൽനിന്നു പുറപ്പെട്ട് പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഏലപ്പാറ, കട്ടപ്പന വഴിയാണ് കൂട്ടാറിൽ എത്തിയിരുന്നത്. ഇത് തിരിച്ച് 12.50ന് ഇതേ റൂട്ടിലൂടെ കൊട്ടാരക്കരയ്ക്കു സർവീസ് നടത്തിയിരുന്നു. 16,000 മുതൽ 17,000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. കാഞ്ഞിരപ്പള്ളി ഒഴിവാക്കി, എരുമേലിയിൽനിന്നു പുലിക്കുന്നുവഴി മുണ്ടക്കയത്തെത്തി കൂട്ടാറിനു പോകുന്ന വിധത്തിൽ റൂട്ട് മാറ്റി.
തിരിച്ചുള്ള സർവീസും പുലിക്കുന്ന് വഴിയാണ്. കൂടാതെ, കൊട്ടാരക്കരയ്ക്കു പകരം ബസ് കൊല്ലം വരെ നീട്ടി. 45 കിലോമീറ്റർ അധികം ഓടിയിട്ടും വരുമാനം 10,000 രൂപയിൽ താഴെയായി. ജീവനക്കാർക്ക് 2 ഡ്യൂട്ടി നൽകിയത് ഒന്നരയായും കുറച്ചു.അടൂർ –പെരിക്കല്ലൂർ ഡീലക്സ് സർവീസ് സ്റ്റോപ്പുകൾ കുറച്ച് പ്രീമിയം സർവീസാക്കി. ശരാശരി 45,000 രൂപ വരുമാനം ലഭിച്ചുവന്ന ബസിന് ഇപ്പോൾ 20,000–22,000 രൂപ വരെയായി വരുമാനം കുറഞ്ഞു. ജീവനക്കാർക്ക് 4 ഡ്യൂട്ടിയായിരുന്നത് 3 ആയി കുറച്ചു. ഇതോടെ ജീവനക്കാരും കടുത്ത പ്രതിഷേധത്തിലാണ്.
ksrtc-route-changes-losses
