തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.
തിരുവനന്തപുരം: വിവേചനമില്ലാത്ത രാജ്യമെന്ന സ്വപ്നം യാഥാർഥ്യമായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതാധിപത്യത്തിന് ചിലയിടങ്ങളിൽ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദാരിദ്ര്യം ഇല്ലാത്ത ബാലവേലയില്ലാത്ത നിരക്ഷിതരില്ലാത്ത തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ജനാധിപത്യം നിലനിർത്താൻ കഴിഞ്ഞു എന്നതാണെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയതയുടെ ശക്തികൾ ജാതി പറഞ്ഞു മതം പറഞ്ഞു ഇന്ത്യ എന്ന വികാരത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തി വരികയാണ്.
ഇതിനെ ഒറ്റ മനസായി ചെറുത്തുതോൽപ്പിക്കാൻ കഴിയണം. ഇതിനുവേണ്ട പ്രതിജ്ഞ എടുക്കേണ്ട സന്ദർഭം കൂടിയാണിതെന്നും ഭരണഘടന മൂല്യങ്ങൾ നിർബന്ധമായും നടപ്പാക്കി എടുക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ തുടങ്ങിയവ ചടങ്ങിൽ വിതരണം ചെയ്തു. മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ എ.എൻ ഷംസീർ പതാക ഉയർത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.
chief-minister-pinarayi-vijayan