അടൂർ ബൈപാസിൽ വാഹനാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
അടൂർ: പത്തനംതിട്ടയിൽ അടൂർ ബൈപാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. കാർ യാത്രികരും പന്തളം സ്വദേശികളുമായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരുടെ നില ഗുരുതരമാണെന്ന റിപ്പോർട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
പുലർച്ചെ നാലുമണിയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാറും മറുവശത്തേക്ക് വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഉടൻതന്നെ അടൂരിൽ നിന്നുള്ള പോലീസും ഫയർ ഫോഴ്സും എത്തി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു. കാർ യാത്രികരായ രണ്ട് യുവാക്കളുടെ തലയ്ക്കാണ് പരിക്കേറ്റത്.
അമിതവേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന കാർ ലോറിയിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ലോറി റോഡിൽ മറിഞ്ഞു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ യുവാക്കൾ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു. റോഡിൽ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
adoor accident