പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം കോന്നിയിലേക്ക് മാറ്റാൻ തുടങ്ങി
പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം കോന്നി മെഡിക്കൽ കോളജിലേക്കു മാറ്റുന്ന ജോലികൾ തുടങ്ങി. 4.5 ലക്ഷം രൂപയാണ് ഉപകരണങ്ങൾ നീക്കാൻ സർക്കാർ അനുവദിച്ചത്. ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ കോന്നിയിൽ ശസ്ത്രക്രിയകൾ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. രണ്ട് ഓപ്പറേഷൻ തിയറ്ററുകളാണ് മെഡിക്കൽ കോളജിൽ താൽക്കാലികമായി സ്ഥാപിക്കുക. ജനറൽ ആശുപത്രിയിലെ ബി, സി ബ്ലോക്കുകൾ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശസ്ത്രക്രിയാ വിഭാഗം താൽക്കാലികമായി മാറ്റുന്നത്. 5.5 കോടി ചെലവിലാണ് കെട്ടിടം ബലപ്പെടുത്തുന്നത്.
അഡിഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നതോടെയാണു തിങ്കളാഴ്ച മുതൽ ഉപകരണങ്ങൾ നീക്കിത്തുടങ്ങിയത്. 4 മാസമാണ് ബലപ്പെടുത്തൽ ജോലികൾക്കു സമയം നൽകിയിരിക്കുന്നത്. ഇത് 6 മാസം വരെ എടുക്കുമെന്നാണു കരുതുന്നത്. മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലായതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് ഉപകരണങ്ങളെത്തിക്കാൻ ഉന്നതതല ഉത്തരവ് ആവശ്യമായിരുന്നു. നിലവിലെ ജനറൽ ആശുപത്രിയിലെ ബി, സി ബ്ലോക്ക് കെട്ടിടത്തിനു പല ഭാഗത്തും ചോർച്ചയും തകർച്ചയുമുണ്ട്. 17 വർഷമാണ് ഈ കെട്ടിടത്തിനു പഴക്കം.
pathanamthitta general hospital