പുനലൂർ : സ്കൂൾ പരിസരത്ത് അതിക്രമിച്ചു കയറി വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പൽ ശ്രീകൃഷ്ണ വിലാസത്തിൽ ശിവപ്രസാദ് (39) ആണ് പിടിയിലായത്. പുനലൂരിൽ ഓട്ടോ ഡ്രൈവറായ യുവാവ് കരവാളൂർ മാത്ര തിരുവഴിമുക്കിലാണ് ഇപ്പോൾ താമസിക്കുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയിൽ കുട്ടികൾ സ്കൂൾ പരിസരത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ പ്രതി സ്കൂളിന്റെ ഇരുമ്പ് ഗേറ്റ് ചാടി അകത്ത് കടന്ന് വസ്ത്രം ഊരിമാറ്റി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ അധ്യാപകർ ഫോണിൽ പകർത്തി പൊലീസിൽ വിവരം അറിയിച്ചു.
സ്കൂൾ വിദ്യാർഥിനി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ പ്രതിക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
man arrested