വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച് യൂസഫലി
അബുദാബി :മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകൾ നിറഞ്ഞു നിന്നിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്ററെ യുഎഇ സന്ദർശനത്തിന്റെ നനുനനുത്ത ഓർമകളുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി.
2017-ലായിരുന്നു വി.എസ് അവസാനമായി യുഎഇ സന്ദർശിച്ചത്. ആ അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഹരിതാഭമായ ഓർമയായി ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. വിഎസുമായി വളരെ അടുത്ത സ്നേഹബന്ധമാണ് എനിക്കുണ്ടായിരുന്നത്. വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് യൂസഫലി പറഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടര്‍ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ എന്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. 'ചെളിയിൽ നിന്ന് വിരിയിച്ച താമര' എന്നായിരുന്നു കൺവൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ "സത്യസന്ധനായ കച്ചവടക്കാരൻ" എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞത്.
തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി അവിടെ ചെന്ന് മകൻ അരുൺ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിക്കുകയും ചെയ്തിരുന്നു. എന്റെ സഹോദരതുല്യനായ സഖാവ് വി.എസിന്റെ ഈ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു.
yoosuf ali