അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും
അടൂർ : അടൂർ ടൗണിൽ നിന്നും സെൻട്രൽ ടോൾ വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽവീണ്ടും താഴ്ചയും കുഴിയും. ഒട്ടേറെ തവണയായി ഈ പ്രശ്നം ഇവിടെയുണ്ട്. ഇപ്പോഴുള്ള കുഴികളിൽ ഒന്ന് സാമാന്യം വലുപ്പമുള്ളതാണ്. ആധുനിക സംവിധാനം ഉപയോഗിച്ച് നിർമിച്ച ഈ ഭാഗത്തെ റോഡിൽ ഇത്തരത്തിലുണ്ടാകുന്ന കുഴിക്ക് ഒരു ശാശ്വതപരിഹാരം കാണാൻ അധികൃതർക്കാവുന്നില്ല.
നേരത്തെ പലപ്പോഴും കുഴി രൂപപ്പെടുമ്പോൾ ഒരു ചെറിയ വാഹനത്തിൽ രണ്ട് മൂന്ന് തൊഴിലാളികളുമായി എത്തി മെറ്റൽ നിരത്തി അതിനുമുകളിൽ ടാർ ഒഴിക്കുന്നതായിരുന്നു പതിവ്. അന്നൊക്കെ ഇത്തരത്തിൽ എത്രതവണ ചെയ്തുവെന്നതിന് ഒരു കണക്കുമില്ല. അത്രമാത്രം ടാറിങ്ങാണ് നെല്ലിമൂട്ടിൽപ്പടിക്കു സമീപം അടൂർ ടൗണിൽനിന്നും സെൻട്രൽ ടോൾവഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വളവിൽ ചെയ്തിരിക്കുന്നത്. ഇതിനുപരിഹാരമായി അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാസങ്ങൾക്ക് മുൻപ് വലിയ പണികൾ നടത്തി. ഒരുദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന അറ്റകുറ്റപ്പണികളാണ് നടന്നത്. എന്നാൽ ഇക്കഴിഞ്ഞ മഴക്കാലമെത്തിയതോടെ വീണ്ടും കുഴി രൂപപ്പെട്ടു. റോഡിന്റെ വളവിൽ മധ്യഭാഗത്താണ് കുഴി എന്നതു കാരണം ചെറുതും വലുതുമായ വാഹനങ്ങൾ വലിയ പ്രയാസത്തിലാണ് ഇപ്പോൾ കടന്നുപോകുന്നത്. ചരക്കു വാഹനങ്ങൾ ഈ വളവുതിരിയുമ്പോൾ റോഡിലെ താഴ്ച കാരണം പലപ്പോഴും ഒരുഭാഗത്തേക്ക് ചരിയുന്നത് പതിവാണ്. മറിയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ഇത്തരം വാഹനങ്ങൾ നിർത്തി പുറകോട്ടും മുൻപോട്ടും പലതവണ എടുത്ത് ഡ്രൈവർമാർ വലിയ പ്രയാസപ്പെട്ടാണ് വാഹനവുമായി കടന്നുപോകുന്നത്. ഇതുകാരണം ഈ ഭാഗത്ത്, പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്. പൊതുവെ സെൻട്രൽ ടോളിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനുള്ള ട്രാഫിക് സിഗ്നലിന്റെ സമയം വളരെ കുറവാണ്. ഇതിനൊടൊപ്പം റോഡിന്റെ ദുരവസ്ഥയും കൂടിയായപ്പോൾ വാഹനയാത്രികർ ഏറെ സമയമെടുത്താണ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്നത്.
adoor