ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം. സെപ്റ്റംബര്‍ 15 വരെ 4864 പേര്‍ രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്‌കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സര്‍ക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജ്ജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തര്‍ക്ക് സുഗമമായ രീതിയില്‍ ദര്‍ശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികള്‍ക്ക് നല്‍കും. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിക്കാന്‍ കമ്മിറ്റിയെ നിയമിക്കും. കമ്മിറ്റി നല്‍കുന്ന നിര്‍ദേശങ്ങളില്‍ ഊന്നിയാകും തുടര്‍ വികസനം. ശബരിമല വിമാനത്താവളം, റെയില്‍വെ അടക്കം വൈകാതെ പൂര്‍ത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈന്‍, എഡിജിപി എസ് ശ്രീജിത്ത്, റവന്യു- ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, പത്തനംതിട്ട, കോട്ടയം ജില്ലാ കലക്ടര്‍മാരായ എസ് പ്രേം കൃഷ്ണന്‍, ചേതന്‍കുമാര്‍ മീണ, ഡിഐജി അജിതാ ബീഗം, പത്തനംതിട്ട പൊലിസ് മേധാവി ആര്‍ ആനന്ദ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ രാജേഷ്, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Sabarimala