മൈലപ്രയിൽ മരണക്കെണി ;ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ പൊലിഞ്ഞതു 2 ജീവൻ.
പത്തനംതിട്ട∙ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടായ 2 റോഡ് അപകടങ്ങളിൽ മൈലപ്രയിൽ പൊലിഞ്ഞതു 2 ജീവൻ. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അര കിലോമീറ്ററിന് ഉള്ളിലായിരുന്നു രണ്ട് അപകടവും. മരിച്ച രണ്ടു പേരും ഇരുചക്രവാഹന യാത്രക്കാരാണ്. മൈലപ്ര പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപത്തായിരുന്നു ഇന്നലത്തെ അപകടം. വില്ലേജ് ഓഫിസ് പടിക്കു സമീപത്തായിരുന്നു കഴിഞ്ഞ 3ന് ഉണ്ടായ അപകടം. ഇന്നലെ സ്വകാര്യ ബസിലേക്കു സ്കൂട്ടർ ഇടിച്ചു കയറിയാണ് മേക്കൊഴൂർ ലക്ഷ്മി ഭവനിൽ ഷൺമുഖൻ(56) മരിച്ചത്. വില്ലേജ് ഓഫിസ് പടിക്കൽ ബൈക്കും കാറും കൂട്ടിയിടിച്ചാണു റാന്നി–പെരുനാട് മാടമൺ പരുംകുളത്ത് നന്ദു മോഹൻ (27) മരിച്ചത്.
പുനലൂർ– മൂവാറ്റുപുഴ സംസ്ഥാനപാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം തയ്യിൽപടിക്കും കുമ്പഴയ്ക്കും മധ്യേ ഉണ്ടായ അപകടത്തിൽ 10 പേരുടെ ജീവൻ നഷ്ടപ്പെട്ടു. അപകടങ്ങളുടെ തീവ്രത അറിയണമെങ്കിൽ കുമ്പഴവടക്ക് ഭാഗത്ത് എത്തിയാൽ മതി. അവിടെ റോഡിന്റെ വശത്തെ നടപ്പാതയുടെ കൈവരി മുഴുവൻ വാഹനം ഇടിച്ചു തകർത്തിരിക്കുകയാണ്. റോഡ് നവീകരിച്ച ശേഷം വാഹനങ്ങളുടെ വേഗം കൂടി. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇടിച്ചാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
തയ്യിൽപടി മുതൽ മൈലപ്ര പഞ്ചായത്ത് പടി വരെ അധികം വളവ് ഇല്ലാതെ നേരെയുള്ള റോഡാണ്. പത്തനംതിട്ടയിലേക്കുള്ള വണ്ടികൾ തയ്യിൽപടി ആകുമ്പോഴേക്കും വേഗം കൂട്ടും. മിന്നൽ വേഗത്തിൽ പായുന്ന വണ്ടികൾ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് പഞ്ചായത്ത് പടിക്കലാണ്. മേക്കൊഴൂർ റോഡിലൂടെ വരുന്ന വണ്ടികൾ നേരെ പിഎം റോഡിലേക്കു കയറുന്നതും ഒപ്പം ഇടി നടക്കുന്നതും പതിവാണ്. സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും മൈലപ്ര ജംക്‌ഷനിൽ പൊലീസിന്റെ സേവനം ഉണ്ട്. അല്ലാത്തപ്പോൾ പൊലീസ് ഇല്ല. മൈലപ്ര പള്ളിപ്പടിക്കൽ നിന്ന് ഒരു പൊലീസുകാരൻ സ്ഥിരമായി മൊബൈലിൽ വണ്ടികളുടെ ചിത്രങ്ങൾ എടുക്കുന്നത് കാണാറുണ്ട്.
എന്നാൽ ഗതാഗതക്കുരുക്ക് ശ്രദ്ധിക്കാറില്ല. ഒന്നാം കലുങ്കിനു സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വണ്ടികൾക്ക് പെറ്റിയടിക്കാൻ എപ്പോഴും 2 പൊലീസുകാർ ഉണ്ട്. പക്ഷേ, ഒന്നാം കലുങ്ക് വളവിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ പോലും അവർ ഇറങ്ങി നോക്കാറില്ല. റോഡിന്റെ മധ്യത്തിലെ മഞ്ഞവര കടന്ന് അപ്പുറത്തേക്കു കയറുന്ന വണ്ടികളുടെ ഫോട്ടോ മൊബൈലിൽ എടുത്ത് പെറ്റിയടിക്കുന്ന ജോലിയാണ് അവർക്ക്. അതിനുള്ള മെഷീനുമായാണ് അവർ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുന്നത്.
MYLAPRA ACCIDENT