നായ്ക്കളുടെ താവളമായി മാറിയ റാന്നി മിനി സിവിൽ സ്റ്റേഷൻ; പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.
റാന്നി ∙ ‘നായ്ക്കളുണ്ട് സൂക്ഷിക്കുക’ എന്ന ബോർഡുകൾ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ചില്ലെങ്കിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ കടിയേറ്റു മടങ്ങേണ്ടിവരും. തെരുവു നായ്ക്കളുടെ എണ്ണം വളപ്പിൽ വർധിക്കുമ്പോഴും പരിഹാരം കാണാൻ കഴിയാതെ ഉഴലുകയാണ് താലൂക്ക് ഭരണകൂടവും പഞ്ചായത്തും.
മക്കപ്പുഴ പനവേലിക്കുഴി തടത്തിൽ ശാന്തമ്മയ്ക്കു (70) തെരുവു നായുടെ കടിയേറ്റതാണ് അവസാന സംഭവം. താലൂക്ക് സപ്ലൈ ഓഫിസിലെത്തിയതായിരുന്നു അവർ. ഓഫിസിലേക്കു കടക്കാൻ വരാന്തയിലൂടെ നടക്കുമ്പോഴാണ് അവിടെ കിടന്ന നായ ആക്രമിച്ചത്. അഡ്വക്കറ്റ്സ് ക്ലാർക്കിനു നേരെയും നായ്കൾ പാഞ്ഞടുത്തിന്നു. അവർ ഓടി രക്ഷപ്പെടുകയായിരുന്നു. യുവ അഭിഭാഷകയെ നായ ആക്രമിച്ചിട്ടു അധിക ദിവസമായിട്ടില്ല.
ഇരുപതോളം നായ്ക്കൾ സിവിൽ സ്റ്റേഷൻ വളപ്പിലുണ്ട്. ഒന്നും രണ്ടും ബ്ലോക്കുകളുടെ വരാന്തകളിലും കാർ പോർച്ചിലും വാഹന ഷെഡിലും വാഹനങ്ങൾക്ക് അടിയിലുമൊക്കെയാണ് അവ കിടക്കുന്നത്. ഉറക്കത്തിനു തടസ്സം നേരിടുമ്പോൾ അടുത്തു നിൽക്കുന്നവരെ തെരുവു നായ ആക്രമിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ സുലഭമായി ലഭിക്കുന്നതു മൂലമാണ് അവ പരിസരത്തു തന്നെ തങ്ങുന്നത്.
ശാന്തമ്മയ്ക്കു നേരെ ആക്രമണം ഉണ്ടായ ശേഷം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെ നേതൃത്വത്തിൽ അവയെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വീണ്ടുമെല്ലാം തിരികെയെത്തി. ചുറ്റുമതിലും ഗേറ്റുമൊന്നും ഇല്ലാത്തതിനാൽ തുടരെ നായ്ക്കൾ വളപ്പിലെത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ ഇവിടെയെത്തിയാൽ നായ്ക്കൾ വളഞ്ഞിട്ടാക്രമിക്കുന്ന സ്ഥിതിയാണ്.
stray dogs