അടൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോ യാർഡ് നിർമാണം നിലച്ചു
അടൂർ : കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ യാർഡ് നിർമാണം പാതിവഴിയിൽ നിലച്ചു. യാർഡ് നിർമാണത്തിന്റെ ഭാഗമായ ഓടയുടെ പണികൾപോലും പൂർത്തിയായിട്ടില്ല.ഓട നിർമാണം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. ഓടയ്ക്ക് മേൽമൂടിയില്ലാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.ഇപ്പോൾ ഓടയ്ക്കുള്ളിൽ മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യമാണുള്ളത്. ഡിപ്പോയുടെ കെട്ടിടത്തിനു പുറകിൽ സെയ്‌ൻറ് മേരീസ് സ്കൂൾ, ഇല്ലത്തുകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിന്റെ അരികിലും യാർഡ് നിർമാണത്തിന്റെ ഭാഗമായി ഓട നിർമാണം നടന്നിരുന്നു. പുതിയ ഓട നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഓട പൊളിച്ചാണ് പണികൾ നടത്തിയത്. നിലവിൽ ഇതിന്റെ പണികൾ പൂർത്തിയായിട്ടില്ല. പണിയുടെ പേരിൽ ഇവിടെ മുൻപ് മൂന്ന് മീറ്റർ വീതിയിൽ റോഡുണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരു നടവഴിമാത്രമാണുള്ളത്. ജൂണിൽ സ്കൂൾ തുറക്കുമ്പോൾ ഒട്ടേറെ കുട്ടികൾ കടന്നുപോകേണ്ട സ്ഥലമാണ് ഇവിടം. എത്രയും വേഗം പണികൾ തീർത്തില്ലെങ്കിൽ മേൽ മൂടിയില്ലാത്ത ഓടയിൽ കുട്ടികൾ വീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്.
ഓടയുടെ പണി പൂർത്തിയാക്കി മേൽമൂടി സ്ഥാപിക്കാത്തതിനാൽ സമീപത്തെ ശൗചാലയത്തിലേക്ക് ആളുകൾക്ക് പോകാൻ പ്രയാസമാണ്. നിലവിൽ താത്കാലികമായി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ പാകത്തിൽ നടപ്പാലം ഓടയ്ക്കു മുകളിൽ ഇട്ടിരിക്കുകയാണ്. ഇതിൽക്കൂടി വേണം ആളുകൾ കടന്നുപോകേണ്ടത്. അതും സാഹസികമായി. നടന്നുപോകുമ്പോൾ കാൽ ഒന്നു തെറ്റിയാൽ ഓടയ്ക്കുള്ളിൽ വീഴുമെന്ന കാര്യവും ഉറപ്പാണ്. കൂടാതെ
ഡിപ്പോയിലെ വർക് ഷോപ്പിലേക്കും സമീപത്തെ പേ ആൻഡ് പാർക്കിലേക്കും വാഹനങ്ങൾക്ക് പോകാൻ പ്രയാസമാണ്. ഓടപണിയുടെ മെല്ലപ്പോക്കുകാരണം കെ.എസ്.ആർ.ടി.സി. ലേലത്തിൽ നൽകിയിരിക്കുന്ന പേ ആൻഡ് പാർക്കിലേക്ക് കഴിഞ്ഞ മൂന്നുമാസത്തിലേറെയായി വാഹനങ്ങൾ എത്തുന്നില്ലെന്ന് പാർക്കിങ് കരാറുകാർ പറയുന്നു.
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ യാഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പണികൾ മുടങ്ങിയതുകാരണം ഡിപ്പോയ്ക്കുള്ളിൽ മുഴുവൻ പൊടിശല്യം. സിമൻറുപൊടി, മെറ്റൽ കഷ്ണങ്ങൾ, ചാക്കുകൾ എന്നിവ കോൺക്രീറ്റുചെയ്ത ഭാഗത്ത് ഇപ്പോഴും കിടക്കുകയാണ്. ഇതിനു മുകളിലൂടെ ബസുകൾ പോകുമ്പോൾ വലിയ രീതിയിൽ പൊടി പറക്കുകയാണ്. ഇതുകാരണം യാത്രികർ വളരെയേറെ പ്രയാസത്തിലാണ്. യാർഡ് നിർമാണത്തിന്റെ ഭാഗമായി സ്റ്റാൻഡിലെ ചില ഭാഗങ്ങൾ കോൺക്രീറ്റുചെയ്തു. എന്നാൽ ഇനിയും കോൺക്രീറ്റുചെയ്യാനുള്ള ഭാഗം ബാക്കിയാണ്.
യാർഡ് നിർമാണവുമായി ബന്ധപ്പെട്ട് ബസുകൾ ഡിപ്പോയിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മാർച്ച് അവസാനം വരെയാണ് നിർമാണവുമായി ബന്ധപ്പെട്ട് ബസുകൾ സ്റ്റാൻഡിൽ കയറുന്നതിൽ നിയന്ത്രണം ഉണ്ടായിരുന്നത്.
എന്നാൽ പണികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ നിരന്തരം വീഴ്ചവരുത്തി. ഇതോടെ യാർഡ് തുറന്നുനൽകാൻ കെ.എസ്.ആർ.ടി.സി.അധികൃതർ അടിയന്തരമായി തീരുമാനിക്കുകയായിരുന്നു.
adoor ksrtc dippo


