റോഡുപണിക്കായി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തുകാരണം പ്രയാസത്തിലായി വാഹനയാത്രികരും കാൽനടയാത്രക്കാരും
പയ്യനല്ലൂർ : റോഡുപണിക്കായി മെറ്റൽ നിരത്തി മാസങ്ങൾ കഴിഞ്ഞിട്ടും ടാറിങ് നടത്താത്തുകാരണം പ്രയാസത്തിലായി വാഹനയാത്രികരും കാൽനടയാത്രക്കാരും. ആലപ്പുഴ-പത്തനംതിട്ട ജില്ലകൾ തമ്മിൽ അതിർത്തി പങ്കിടുന്ന പയ്യനല്ലൂർ മായ യക്ഷിക്കാവ് ക്ഷേത്രത്തിനുസമീപം ആനയടി-കൂടൽ റോഡിലേക്കാണ് മെറ്റൽ ഇറങ്ങിക്കിടക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇതാണ് ഇവിടുത്തെ അവസ്ഥ. ഇതുകാരണം ഇരുചക്രവാഹനങ്ങൾ ഏതുനിമിഷവും അപകടത്തിൽപ്പെടുമെന്ന അവസ്ഥയാണ്. ആലപ്പുഴ ജില്ലയിലെ പാലമേൽ ഗ്രാമപ്പഞ്ചായത്തിലെ മാമൂട്-പയ്യനല്ലൂർ മായയക്ഷിക്കാവ് റോഡിലാണ് പണി നടക്കുന്നത്. ഇതിന്റെ ഭാഗമായി കിലോമീറ്ററോളം മെറ്റൽ നിർത്തിയിരിക്കുകയാണ്. ഈ മെറ്റലാണ് ആനയടി-കൂടൽ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നത്.
പയ്യനല്ലൂർ ഭാഗത്തെ പ്രശ്നത്തെപ്പറ്റി ഒട്ടേറെ പരാതികൾ ഉയർന്നിട്ടും മെറ്റൽ മാറ്റുവാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. പുതിയതായി നിർമ്മിച്ച ആനയടി-കൂടൽ റോഡിലേക്ക് സാമാന്യം നല്ല വലുപ്പമുള്ള മെറ്റലാണ് നിരന്നിരിക്കുന്നത്. മഴക്കാലത്ത് ശക്തമായ വെള്ളമൊഴുക്കിൽ എത്തിയതാണ് മെറ്റൽ. കെപി റോഡിൽനിന്ന് മാമൂട് വഴി പയ്യനല്ലൂരിലേക്കുള്ള പ്രധാന വഴിയാണിത്.
പയ്യനല്ലൂർ ഹൈസ്‌കൂളിലെ കുട്ടികളും അധ്യാപകരും യാത്രചെയ്യുന്ന റോഡാണിത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎവൈ) പദ്ധതിയിലാണ് റോഡുപണി നടത്തുന്നത്. മാവിളപ്പടി മുതൽ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുള്ള ആറു കിലോമീറ്റർ റോഡിന്റെ നവീകരത്തിനായി 4.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മാവിളപ്പടി മുതൽ ആശാൻ കലുങ്ക് വരെയും മാമ്മൂട് മുതൽ പയ്യനല്ലൂർ മായയക്ഷിക്കാവ് വരെയുമുള്ള ആറു കിലോമീറ്റർ ദൂരം രണ്ടുഘട്ടമായി നവീകരിക്കുന്നതിനായിരുന്നു തുക.
tarring
