കൊടുമൺ : ഏഴംകുളം- കൈപ്പട്ടൂർ റോഡിലേക്ക് കല്ലും മണ്ണും വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു. പുതുമല വളവിൽ ഉയരത്തിലുള്ള പുരയിടത്തിൽനിന്നാണ് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് അടർന്നുവീഴുന്നത്.
ഏഴംകുളം- കൈപ്പട്ടൂർ റോഡിൽ ഏറ്റവും അപകടകരമായ വളവുകളുള്ള സ്ഥലമാണ് പുതുമല. ഇവിടെ റോഡിന് വീതികൂട്ടി വികസിപ്പിച്ചിരുന്നു. റോഡിന്റെ കിഴക്കുവശത്ത് ഉയർന്ന സ്ഥലമാണ്. ഇവിടെനിന്ന് വലിയ കല്ലുകളും മണ്ണും ഇടിഞ്ഞ് റോഡിലേക്ക് വീഴുകയാണ്.
വീതി കൂട്ടിയതിന്റെ ഭാഗമായി ഈ ഭാഗത്ത് പുരയിടം ഇടിച്ചിരുന്നു. മണ്ണും കല്ലും എപ്പോൾ വേണമെങ്കിലും ഇനിയും വീഴാവുന്ന സ്ഥിതിയാണ്.
അതുപോലെതന്നെ പുരയിടത്തിൽ റോഡരികിൽ നിൽക്കുന്ന റബ്ബർ മരങ്ങളും ചുവട്ടിലെ മണ്ണ് അടർന്നുവീണ് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാവുന്ന നിലയിൽ ചാഞ്ഞു നിൽക്കുകയാണ്.
pathanamthitta