സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. ഇതോടൊപ്പം അർഹരായവർക്ക് യു.ഡി.എഫ് പ്രഖ്യാപിച്ച 3000 രൂപ പെൻഷൻ ഉറപ്പാക്കുന്നതിനായി, അനർഹരെ പൂർണ്ണമായും ഒഴിവാക്കി ഗുണഭോക്തൃ പട്ടിക സമഗ്രമായി പരിഷ്കരിക്കാനും സർക്കാർ നീക്കം തുടങ്ങി.
66.22 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ മാസം പെൻഷൻ ലഭിക്കുക. ഇതിൽ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന 51.87 ലക്ഷം പേരും, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന 14.35 ലക്ഷം പേരും ഉൾപ്പെടുന്നു. നാളെ, അതായത് ജൂൺ 24 മുതൽ തുക വിതരണം ചെയ്ത് തുടങ്ങും.അതേസമയം, പെൻഷൻ തുക യു.ഡി.എഫ് വാഗ്ദാനം ചെയ്ത 3000 രൂപയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി വലിയ തോതിലുള്ള ശുദ്ധീകരണ പ്രക്രിയയ്ക്കാണ് സർക്കാർ ഒരുങ്ങുന്നത്. നിലവിൽ അനർഹരായ നിരവധിപ്പേർ ലിസ്റ്റിൽ കടന്നുകൂടിയത് വഴി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കി യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് മാത്രം ആനുകൂല്യം എത്തിക്കുകയാണ് ലക്ഷ്യം.
നിലവിലെ നിയമപ്രകാരം താഴെ പറയുന്ന വിഭാഗത്തിലുള്ളവർ ക്ഷേമ പെൻഷന് അർഹരല്ല:
വരുമാന പരിധി: കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവർ.
ഭൂസ്വത്ത്: ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ.
നികുതി: ആദായനികുതി നൽകുന്നവർ.
വാഹനം: 1000 സി.സിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ.
മറ്റ് ആനുകൂല്യങ്ങൾ: നിലവിൽ മറ്റ് പെൻഷനുകൾ വാങ്ങുന്നവർ.
എന്നാൽ, യഥാർത്ഥ വരുമാനം ഒളിച്ചുവെച്ചും വിദേശത്ത് ജോലിയുള്ളവരുടെ വിവരങ്ങൾ മറച്ചുവെച്ചും ഒട്ടേറെപ്പേർ ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഇത്തരക്കാരെ പൂർണ്ണമായും പെൻഷൻ പട്ടികയിൽ നിന്ന് പുറത്താക്കാൻ കർശന പരിശോധനകളും സമഗ്രമായ ലിസ്റ്റ് പരിഷ്കരണവും വരും ദിവസങ്ങളിൽ ഉണ്ടാകും. അർഹരായ ആർക്കും ആനുകൂല്യം നഷ്ടമാകില്ലെന്നും സർക്കാർ ഉറപ്പുനൽകുന്നു.
welfare pension distribution
