കോന്നി: കുളത്തുമണ്ണിൽ കാട്ടാന വാഴകൃഷി നശിപ്പിച്ചു. കുളത്തുമൺ നന്ത്യാട്ട് വീട്ടിൽ അമ്പിളി വർഗീസിന്റെ കൃഷിയിടത്തിലെ നൂറ്റമ്പതോളം വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാന ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പ്രദേശത്തെ കർഷകർ.
കല്ലേലി, കുളത്തുമൺ, താമരപ്പള്ളി പ്രദേശങ്ങളിൽ രൂക്ഷമാകുന്ന വന്യജീവി ശല്യം കാരണം പൊറുതി മുട്ടിയ അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ. കഴിഞ്ഞ ദിവസവും ഇവിടെ കാട്ടാന എത്തി നാശം വിതച്ചു. കാടിറങ്ങി എത്തുന്ന കാട്ടാനകൂട്ടം പ്രദേശത്തെ നിരവധി കാർഷിക വിളകളാണ് ഇതിനോടകം നശിപ്പിച്ചത്. കല്ലേലി, കുളത്തുമൺ, കൊക്കാത്തോട്, താമരപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. വനാതിർത്തികളിൽ സൗരോർജ വേലികൾ സ്ഥാപിക്കണം എന്ന നാട്ടുകാരുടെ അവശ്യവും നടപ്പായിട്ടില്ല. പാടം ഫോറസ്റ്റേഷൻ പരിധിയിൽ വരുന്നതാണ് ഈ ഭാഗം. പ്രദേശത്ത് കാട്ടാന ശല്യം നിയന്ത്രിക്കാൻ വനം വകുപ്പ് സോളാർ ഫെൻസിങ് വേലികൾ സ്ഥാപിക്കുന്ന ജോലികളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
konni
