നഗരത്തിലെ നിരീക്ഷണ കാമറകൾ തകരാറിലായി വർഷങ്ങളായിട്ടും അധികൃതർ മൗനത്തിൽ
പന്തളം: നഗരത്തിലെ നിരീക്ഷണ കാമറകൾ തകരാറിലായി വർഷങ്ങളായിട്ടും അധികൃതർ മൗനത്തിൽ. നഗരത്തെ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലാക്കാൻ 2018 ലാണ് 6.5 ലക്ഷം രൂപ വിനിയോഗിച്ച് പ്രധാന ജങ്ഷഷനുകളിൽ കാമറ സ്ഥാപിച്ചത്. രണ്ടു വർഷം കഴിഞ്ഞതോടെ കാമറകൾ ഓരോന്നായി കേടായി തുടങ്ങി. രണ്ടു വർഷമായി ഒരു കാമറ പോലും പ്രവർത്തിക്കുന്നില്ല.
പന്തളം ടൗണിലെ ദൃശ്യങ്ങൾ കാണാവുന്ന സംവിധാനങ്ങളും നഗരസഭ ഓഫിസിൽ ഒരുക്കി. ഇതോടെ നഗരത്തിൽ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം കുറയുകയും ചെയ്തു. കാമറ പ്രവർത്തനം സജീവമായതിനാൽ നഗരത്തിൽ അപകടമോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ ഉടൻ അറിയാൻ കഴിയും. കൂടുതൽ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പ്രാവർത്തികമായില്ല.
പൊലീസിന്റെ അഭ്യർഥന പ്രകാരം നഗരസഭയാണ് കാമറ സ്ഥാപിച്ചത്. കാമറ ചെലവ് നഗരസഭ വഹിച്ചത് ഓഡിറ്റ് പരാമർശത്തിന് ഇടയാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ കാണുന്നതിന് നഗരസഭ ചെലവ് വഹിക്കുന്നതിനെയാണ് ഓഡിറ്റ് പരാമർശിച്ചത്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് കാമറ സ്ഥാപിച്ചത്.
അറ്റകുറ്റപണി കെൽട്രോണിന്റെ ഉത്തരവാദിത്തമാണ്. നഗരസഭ ഇതിന് കെൽട്രോണിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം. കേടായ കാമറ നന്നാക്കുകയും കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുകയും വേണമെന്നാണ് ആവശ്യം ഉയരുന്നത്. കാമറകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊലീസും പറയുന്നു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. കാമറകളാണ് പൊലീസിന് ഇപ്പോൾ ആശ്രയം. കഴിഞ്ഞദിവസം പന്തളത്തിന്റെ ഹൃദയഭാഗങ്ങളിൽ മോഷണം നടന്നപ്പോഴും പ്രതികളെ കണ്ടെത്താൻ പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ കാമറകളാണ് ആശ്രയിച്ചത്.
surveillance-cameras-turned-off-
